അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സാഹസഞ്ചാരി ബച്ച് വില്‍മോറും ഉടൻ തിരികെ ഭൂമിയിലേക്ക് എത്തുമെന്ന് അറിയിച്ചു നാസ .എട്ട് മാസത്തിലധികം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആണ് ഇരുവരും മാർച്ച് പകുതിയോടെ തിരിച്ചുവരുമെന്ന് നാസ അറിയിക്കുന്നത്.മാർച്ച് 12ന് ഭൂമിയിൽ നിന്ന് വിക്ഷേപിക്കുന്ന ക്രൂ-10 ദൗത്യമാണ് ഇവരുടെ മടക്കയാത്രയ്‌ക്ക് വഴിയൊരുക്കുന്നത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യുന്നതോടെ സുനിതയും സഹപ്രവർത്തകനും ക്രൂ-10 മിഷനിൽ പ്രവേശിച്ച് മാർച്ച് പകുതിയോടെ ഭൂമിയിലേക്ക് യാത്ര തിരിക്കും. ഏകദേശം മാർച്ച് 19ന് ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് യാത്ര തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരും അറിയിച്ചു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് CNNന് ലഭിച്ച അഭിമുഖവും വൈറലാവുകയാണ്.
എട്ട് ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തേക്ക് യാത്ര പോയവരായിരുന്നു സുനിതയും ബുച്ച് വിൽമോറും. 2024 ജൂണിൽ ഇരുവരും ISSൽ എത്തി. എന്നാൽ സാങ്കേതിക തടസങ്ങളെ തുടർന്ന് മടക്കയാത്ര അനിശ്ചിതത്വത്തിലായി. എട്ട് ദിവസത്തെ ദൗത്യം എട്ട് മാസം നീണ്ടു. ഇതിനിടെ നിരവധി പരീക്ഷണങ്ങളും ഗവേഷണങ്ങളും സുനിത ISSൽ ഇരുന്നുകൊണ്ട് പൂർത്തിയാക്കി. ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം പൂർത്തിയാക്കിയ വനിതയെന്ന റെക്കോർഡും സുനിത സ്വന്തമാക്കി.
ഇരുവരും മാർച്ച് പകുതിയോടെ ഭൂമിയിൽ തിരിച്ചെത്തുമെന്ന് കഴിഞ്ഞ ദിവസം നാസ സൂചന നൽകിയിരുന്നെങ്കിലും തീയതി അടക്കമുള്ള വിവരങ്ങളാണ് ഇപ്പോൾ സുനിത പങ്കുവച്ചിരിക്കുന്നത്. സ്പേസ്എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂളിലാണ് ഇരുവരും തിരിച്ചുവരികയെന്നാണ് റിപ്പോർട്ട്.