സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു ട്രംപ്

സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു ട്രംപ്

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന പതിനായിരം ആളുകളെ ജോലിയില്‍നിന്ന് പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.പ്രൊബേഷണറി ജീവനക്കാരാണ് പിരിച്ചുവിട്ടിരിക്കുന്നതില്‍ ഏറെയും .ഇത് പിരിച്ചുവിടലിന്റെ ആദ്യഘട്ടം മാത്രമാണെന്നാണ് ട്രംപ് അറിയിക്കുന്നത്.രണ്ടുലക്ഷത്തോളം ആളുകളെയാണ് ഈ പുറത്താക്കല്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.യു.എസ്. ആഭ്യന്തര വകുപ്പിന് കീഴില്‍ പൊതുസ്ഥലങ്ങളുടെ പരിപാലനം, നാഷണല്‍ പാര്‍ക്കുകളും നിയന്ത്രണം, ഗ്യാസ് ലീസിങ് പ്രോഗ്രാമുകള്‍ തുടങ്ങിയ മേഖലയില്‍ തൊഴിലെടുത്തിരുന്ന 2300 ആളുകളെയാണ് വെള്ളിയാഴ്ച ഒറ്റദിവസം കൊണ്ട് പിരിച്ചുവിട്ടിരിക്കുന്നത്. വലിയ വിമര്‍ശനങ്ങളാണ് ട്രംപിന്റെ ഈ നീക്കത്തിനെതിരേ ഉയര്‍ന്നിരിക്കുന്നത്. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് കൂടുതല്‍ ആളുകളും പരാതിപ്പെടുന്നത്.

മൈക്രോസോഫ്റ്റ് ടീമിന്റെ ഗ്രൂപ്പ് കോളുകളിലൂടെയും മുന്‍കൂട്ടി തയ്യാറാക്കിയ മെസേജുകള്‍ വഴിയുമാണ് പുറത്താക്കി കൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്. ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള നിങ്ങളുടെ സാധനസാമഗ്രികള്‍ എല്ലാം പാക്കുചെയ്ത് 30 മിനിറ്റിനുള്ളില്‍ ഓഫീസ് വിടണമെന്നാണ് അറിയിപ്പ് ലഭിച്ചത്. പിരിച്ചുവിടുന്നുണ്ടെങ്കില്‍ ആ വിവരം ഇ-മെയിലില്‍ മുന്‍കൂട്ടി അറിയിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും അത്തരത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നാണ് സി.എന്‍.എന്‍.റിപ്പോര്‍ട്ട് ചെയ്തത്.

ജീവനക്കാരോടുള്ള നീതി നിഷേധമാണ് നടന്നിരിക്കുന്നതെന്നാണ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ് മേധാവി എവററ്റ് കെല്ലി പറയുന്നത്. തൊഴിലാളികള്‍ക്ക് ന്യായമായും ലഭിക്കേണ്ട എല്ലാ നടപടി ക്രമങ്ങളും നിഷേധിക്കപ്പെട്ടു. മുന്‍കൂട്ടിയുള്ള യാതൊരു അറിയിപ്പും നല്‍കാതെ, നിയമം അനുശാസിക്കുന്ന ഒരു നടപടികളും സ്വീകരിക്കാതെയാണ് ജീവനക്കാരെ കൂട്ടമായി പുറത്താക്കിയിരിക്കുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്.

സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിനോക്കുന്ന ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഗവണ്‍മെന്റ് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നത്. ട്രംപും അദ്ദേഹത്തിന്റെ ഉപദേശകനായ ഇലോണ്‍ മസ്‌കും കൂടിച്ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇന്റേണല്‍ റവന്യൂ സര്‍വീസിലെ ആയിരത്തോളം ജീവനക്കാരെയും അടുത്ത ആഴ്ചയോടെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top