തലയോട്ടിക്ക് പൊട്ടൽ, തലച്ചോറിൽ ക്ഷതം ഷഹബാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

തലയോട്ടിക്ക് പൊട്ടൽ, തലച്ചോറിൽ ക്ഷതം ഷഹബാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

താമരശ്ശേരിയിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയോട്ടിക്ക് ഗുരുതരമായ പൊട്ടലുണ്ട്, തലച്ചോറിന് ക്ഷതമേറ്റിട്ടുമുണ്ട്‌. ആയുധം കൊണ്ടുള്ള മുറിവാണിത്. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇത് തെളിയിക്കുന്ന രീതിയില്‍ കുട്ടികള്‍ തമ്മിലുള്ള വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം സന്ദേശവും പുറത്തുവന്നിരുന്നു.
അതേസമയം, ഷഹബാസിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. കെടവൂര്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം പള്ളിയില്‍ ഖബറടക്കും. എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) ആണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍-റംസീന ദമ്പതിമാരുടെ മകനാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരി വ്യാപാരഭവനില്‍വെച്ച് ട്രിസ് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന വിവിധ സ്‌കൂളുകളില്‍നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയോടെയായിരുന്നു സംഘര്‍ഷത്തിന് തുടക്കം. എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്യുന്നതിനിടെ ഫോണിന്റെ സാങ്കേതികപ്രശ്‌നത്തെത്തുടര്‍ന്ന് പാട്ട് നിലച്ച് നൃത്തം തടസ്സപ്പെട്ടു. ഇതിനെ തുടര്‍ന്ന് രണ്ടു സ്‌കൂളിലെയും ട്യൂഷന്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അധ്യാപകര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ഇതിന്റെ തുടര്‍ച്ചയായിരുന്നു വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘര്‍ഷം. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളുമായി എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ് ഷഹബാസ് ആശുപത്രിയിലായെന്ന് തിരിച്ചറിഞ്ഞ ശേഷം ഇതില്‍ നിന്നൊഴിവാക്കിത്തരാന്‍ വിദ്യാർഥികളിലൊരാൾ സന്ദേശം അയച്ചിരുന്നു.

‘ചൊറക്ക് നിക്കല്ലാ, നിക്കല്ലാന്ന് കൊറേ പറഞ്ഞതല്ലേ മോനേ.. പിന്നെയും പിന്നെയും… മോളില്‍ അയച്ച മെസേജ് നോക്ക്… ഞാന്‍ നിന്നോട് നല്ലോണം അല്ലേ പറഞ്ഞത്. ചൊറ ഒഴിവാക്കി ഒഴിവാക്കി പോകുമ്പോള്‍ പിന്നെയും പിന്നെയും നീ വന്നതാ. അന്നത്തെ പ്രശ്‌നം ഞങ്ങളാരും മനസ്സില്‍ പോലും വിചാരിച്ചില്ല… എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ട് കൊണ്ടാട്ടോ…’- കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള വാട്‌സാപ്പ് സന്ദേശത്തില്‍ വിദ്യാര്‍ത്ഥി പറയുന്നു. താന്‍ ആരെ തല്ലിയാലും പിന്നെ പൊരേല്‍ വന്നിട്ട് ഒരു സമാധാനം ഉണ്ടാകില്ലെന്നും ഈ വിദ്യാര്‍ത്ഥി സന്ദേശത്തില്‍ പറയുന്നുണ്ട്

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top