മത വിദ്വേഷ പരാമർശം ജാമ്യം ഇല്ല ,പി സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

മത വിദ്വേഷ പരാമർശം ജാമ്യം ഇല്ല ,പി സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

മത വിദ്വേഷ പരാമർശ കേസിൽ പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. രണ്ട് മണിക്ക് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് നൽകാനായി പൊലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ ഈ സമയം ജോർജ് വീട്ടിലുണ്ടായിരുന്നില്ല. മകൻ ഷോൺ ജോർജാണ് നോട്ടീസ് കൈപ്പറ്റിയതെന്നാണ് റിപ്പോർട്ടുകൾ.ചാനൽ ചർച്ചയിൽ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഹർജി കോടതി തള്ളിയിരുന്നു.

30 വർഷം എം എൽ എയായിരുന്നിട്ടും പ്രകോപനത്തിന് എളുപ്പത്തിൽ വശംവദനാകുന്ന പി സി ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹർജി തള്ളിയത്. രാഷ്ട്രീയ നേതാവ് സമൂഹത്തിന്റെ റോൾ മോഡലാകേണ്ടവരാണെന്നും കോടതി പറഞ്ഞു.

മതവിദ്വേഷ പരാമർശങ്ങളും അധിക്ഷേപങ്ങളും മുൻനിറുത്തി ഹർജിക്കാരനെതിരെ മുമ്പ് പല കേസുകളും നിലവിലുണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ക്രിമിനൽ മനോഭാവം കാണിക്കുന്നതാണ്. പ്രകോപന പരാമർശങ്ങൾ പാടില്ലെന്ന് 2022ലെ കേസിൽ ജാമ്യം അനുവദിച്ചു കൊണ്ട് ഹൈക്കോടതി വ്യവസ്ഥ വച്ചിരുന്നു. എന്നാൽ ഇത് പലതവണ ലംഘിക്കപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ജോർജിന് മുൻകൂർ ജാമ്യം നിഷേധിച്ചത്.

പ്രതിയെ കസ്റ്റഡിലെടുത്ത് ചോദ്യംചെയ്യേണ്ടതില്ലെന്ന സാഹചര്യവും ആരോപിക്കുന്ന കുറ്റങ്ങൾ ഏഴ് വർഷത്തിൽ താഴെ തടവുശിക്ഷ കിട്ടാവുന്നവയാണെന്ന വാദവും ജാമ്യഹർജികളിൽ എല്ലായിപ്പോഴും പരിഗണനയ്‌‌ക്കെടുക്കാനാവില്ല. ആരോപണത്തിന്റെ ഗൗരവവും പ്രതി മുമ്പുചെയ്ത കുറ്റകൃത്യങ്ങളും കണക്കിലെടുക്കാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹർജിക്കാരന് മുൻകൂർജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശമാകും. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാലും കുഴപ്പമില്ലെന്ന വ്യാഖ്യാനമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top