കൈക്കൂലി കേസിൽ അറസ്‌റ്റിലായ എറണാകുളം ആർടിഒ ജെയ്‌സന്റെ സ്വത്ത് വിവരങ്ങൾ തേടി രജിസ്‌ട്രേഷൻ ഐജിക്ക് വിജിലൻസ് കത്ത് നൽകി. അഞ്ച് പരാതികളാണ് ഇയാൾക്കെതിരെ വിജിലൻസിന് ഇതുവരെ കിട്ടിയിട്ടുള്ളത്. കൈക്കൂലി സ്വയം വാങ്ങുക മാത്രമല്ല, കീഴുദ്യോഗസ്ഥരെ വാങ്ങാൻ പ്രേരിപ്പിക്കുകയും അതിൽ നിന്ന് പങ്കുപറ്റുകയും ചെയ‌്തിരുന്നു ഇയാൾ എന്നാണ് വിവരം.ജെയ്‌സണെയും കൈക്കൂലി വാങ്ങാൻ ഇയാൾക്ക് ഒത്താശ നൽകുന്ന രണ്ട് ഏജന്റുമാരേയും ചോദ്യം ചെയ‌്തുകൊണ്ടിരിക്കുകയാണ്. 75 ലക്ഷം രൂപ തട്ടിച്ച കേസിൽ പൊലീസിലും ഇയ്‌സണെതിരെ പരാതി വന്നിട്ടുണ്ട്. എന്തുചെയ്യണമെങ്കിലും ജയ്‌സണ് മദ്യവും പണവും വേണം. പരിശോധന നടത്താതിരിക്കാൻ വിജിലൻസിന് കൈക്കൂലി കൊടുക്കാനേന്ന പേരിൽ പോലും പണപ്പിരിവ് നടത്തിയിട്ടുണ്ട്.
ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്റുമാരെ വച്ച് ആർടിഒ പണം പിരിച്ചെന്ന റിമാൻഡ് റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു.
മൂന്നാം പ്രതിയായ രാമപടിയാർ വഴിയാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജയ്‌സൺ, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സാപ്പ് കോളുകൾ വഴിയെന്നും കണ്ടെത്തലുണ്ട്. ഇതിന്റെ തെളിവ് ഇവരുടെ ഫോണിൽ നിന്ന് കിട്ടിയെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ജയ്‌സന്റെ വീട്ടിൽ നിന്ന് 49 കുപ്പി വിദേശ മദ്യമാണ് വിജിലൻസ് സംഘം കണ്ടെടുത്തത്.