ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എം.സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.
കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ , അഫ്സാന എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ,അഫ്സാന എന്നിവരിൽ നിന്ന് യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. നിക്ഷേപ തട്ടിപ്പിൽ എംസി കമറുദ്ദീൻ അറസ്റ്റിലാവുകയും 96 ദിവസം ജയിലിൽ കഴിയുകയും ചെയ്തിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ എംഎൽഎയായിരുന്ന കമറുദ്ദീന് തട്ടിപ്പ് പുറത്തായതോടെയാണ് എംഎൽഎ സ്ഥാനം നഷ്ടമായത്.148 വഞ്ചനാ കേസുകളാണ് എം. സി കമറുദ്ദീനെതിരെയുണ്ടായിരുന്നത്.
2020 നവംബര്‍ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കേസില്‍ കമറുദ്ദീനെ ആദ്യം അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ജയിലിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമായി 96 ദിവസം തടങ്കലിലായിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി 263 പേരുടെ പരാതികളാണ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് എസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. നിരവധി കേസുകളിൽ കുറ്റപത്രം ഇതിനോടകം സമർപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കളടക്കം നേരത്തെ കണ്ടുകെട്ടിയിരുന്നു.