കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ഗുരുതര ആരോപണങ്ങൾക്കെതിരെ രൂക്ഷവിമർശനം നടത്തി എംവി ജയരാജൻ .സിപിഎം നേതൃത്വത്തിനും ടി.എ.മധുസൂദനൻ എംഎൽഎയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ച വി.കുഞ്ഞിക്കൃഷ്ണനെതിരെ നടപടിയെടുക്കും എന്നും പാർട്ടിയുടെ നിലപാടിന് യോജിക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരെ ഒരു രീതിയിലും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും മുൻ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും അറിയിച്ചു.
കോടിയേരി ബാലകൃഷ്ണൻ അടക്കുള്ളവർക്കെതിരെ ആക്ഷേപം ഉന്നയിച്ച് സിപിഎം ഫണ്ട് തട്ടിപ്പ് നടത്തുന്ന പാർട്ടിയാണെന്ന് കുഞ്ഞിക്കൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് എം.വി.ജയരാജൻ പറഞ്ഞു. അതേസമയം കണക്കുകൾ അതരിപ്പിക്കുന്നതിൽ ചില വീഴ്ചകൾ പറ്റിയിട്ടുണ്ടെന്നും അതിൽ അന്വേഷണം നടത്തി നടപടികൾ ഇതിനോടകം സ്വീകരിച്ചതാണെന്നും ജയരാജൻ വ്യക്തമാക്കി.2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിൽ ലക്ഷങ്ങളുടെ തിരിമറി നടന്നു. 2016 ജൂലായ് 11-ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണമാണ് വി.ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞ ദിവസം ഉന്നയിച്ചത്.
ഇതിൽ നേരത്തെ തന്നെ നടപടിയെടുത്തിട്ടുണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം പറയുന്നു. ‘നേരത്തെ തന്നെ പാർട്ടി സമഗ്ര അന്വേഷണം നടത്തിയതാണ്. രണ്ട് കമ്മിറ്റികൾ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച് നടപടികൾ സ്വീകരിക്കുകയും ചെയ്തു. ആരും വ്യക്തിപരമായ ധനാപഹരണം നടത്തിയിട്ടില്ല. പാർട്ടിയുടെ ഒരു ഫണ്ടും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് കണ്ടെത്തിയത്. യഥാസമയം വരവ് ചെലവ് കണക്ക് പാർട്ടിയിൽ കമ്മിറ്റിയിൽ സമർപ്പിച്ച് അംഗീകാരം വാങ്ങുന്നതിൽ ചില വീഴ്ചകൾ സംഭവിച്ചിരുന്നു. അത് കണക്കിലെടുത്താണ് ചില നടപടികൾ സ്വീകരിച്ചത്. ധനാപഹരണം ആരും നടത്തിയിട്ടില്ല’ എം.വി.ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.പാർട്ടിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളാണ് കുഞ്ഞിക്കൃഷ്ണന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പാർട്ടിക്ക് തെറ്റ് സംഭവിച്ചെങ്കിൽ തിരുത്താനുള്ള മാർഗം ഇതല്ല. തെറ്റ് തിരുത്താൻ പാർട്ടിയെ തകർക്കുകയല്ല വേണ്ടത്. എലിയെ പിടിക്കാൻ ഇല്ലം ചുടുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. കുഞ്ഞിക്കൃഷ്ണനടക്കം കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഘട്ടത്തിലാണ് കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി ഒരു നിലപാട് സ്വീകരിച്ചത്. കുഞ്ഞിക്കൃഷ്ണൻ ഒരു വ്യക്തിയാണ്. പാർട്ടിയുടെ സംഘടനപരമായ രീതി, പാർട്ടി കമ്മിറ്റി ചർച്ച ചെയ്ത് നിലപാട് സ്വീകരിച്ച് കഴിഞ്ഞാൽ അതിനൊപ്പം നിൽക്കുക എന്നതാണ്. അല്ലാതെ മറ്റൊരു നിലപാട് സ്വീകരിക്കാൻ പാടില്ല. കുഞ്ഞികൃഷ്ണൻ പറയുന്നത് താനൊഴിച്ച് മറ്റെല്ലാവരും കള്ളൻമാർ എന്നാണ്. ഒരു ഫണ്ട് തട്ടിപ്പും ഉണ്ടായിട്ടില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
‘കെട്ടിട നിർമാണമടക്കമുള്ളതിന്റെ കണക്ക് യഥാസമയം അവതരിപ്പിക്കുന്നതിലാണ് വീഴ്ചയുണ്ടായത്.
മധുസൂദനനെ സെക്രട്ടറിയേറ്റിൽനിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഏരിയാ കമ്മിറ്റി അംഗങ്ങളെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. കോടിയേരിയുടെ പേര് ഇതിലുൾപ്പെടുത്തിയത് അങ്ങേയറ്റം തെറ്റായിപ്പോയി’ ജയരാജൻ പറഞ്ഞു
