മതവിദ്വേഷ പരാമർശ കേസിൽ മുൻ എംഎൽഎ പി.സി.ജോർജിന് കടുത്ത ഉപാധികളോടെ ജാമ്യം.ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് ജാമ്യം അനുവദിച്ചത് .തിങ്കളാഴ്ചയാണു ജോർജ് കോടതിയിൽ കീഴടങ്ങിയത്. ചൊവ്വാഴ്ച ജാമ്യാപേക്ഷ നൽകി. ഇന്നലെ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു. റിമാൻഡിലായ ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ആരോഗ്യ കാരണങ്ങളാൽ വിദഗ്ധ ചികിത്സ വേണമെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനു കേസുകൾ ഇല്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ജോർജിന്റെ അഭിഭാഷകൻ വാദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായെന്നും പൊതുപ്രവർത്തകനാകുമ്പോൾ കേസുകൾ ഉണ്ടാകുമെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നും ജോർജിന്റെ അഭിഭാഷകൻ വാദിച്ചു.
ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചുള്ള മെഡിക്കൽ റിപ്പോർട്ട് കോടതി തേടിയിരുന്നു.
3 മുതൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ജോർജ് നടത്തിയതെന്നും ജാമ്യം കൊടുത്താൽ തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. മെഡിക്കൽ കോളജിൽ ജോർജിനു വിദഗ്ധ ചികിത്സ നൽകുന്നുണ്ടെന്നു പ്രോസിക്യൂഷൻ അറിയിച്ചു.
ചാനൽ ചർച്ചയിൽ പങ്കെടുത്ത് വിവാദ പരാമർശനം നടത്തിയതിന് പിന്നാലെ പി സി ജോർജ് അന്ന് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നൽകിയതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയെങ്കിലും തള്ളി. തുടർന്ന് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു .