ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ കൈ പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുളിങ്കുടി സ്വദേശി വെഞ്ചിലാസ് (46) ആണ് മരിച്ചത്.
ബസ് യാത്രയ്ക്കിടയിൽ വെഞ്ചിലാസ് ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചത്. ഉറക്കത്തിനിടെ പുറത്തിട്ട കൈ യാത്രയ്ക്കിടയിൽ പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു. ബസ് വളവ് തിരിയുന്ന സമയത്ത് ആയിരുന്നു കൈ പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായത്. കടുത്ത രക്തസ്രാവത്തെ തുടർന്ന് വൈകാതെ തന്നെ വെഞ്ചിലാസ് മരിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻതന്നെ യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് വെഞ്ചിലാസിനെ ആശുപത്രിയിലേക്ക് എത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ ബസ്സിൽ സഞ്ചരിച്ചിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.