ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനോട് ചോദ്യം ചെയ്യലിന് ഹാജാകാൻ ആവശ്യപ്പെട്ട് ഇ ഡി ഉടൻ സമൻസ് അയക്കും എന്ന റിപ്പോർട്ട് പുറത്ത് .കേസിലെ മറ്റു പ്രതികളെയും വിശദമായി ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് ദേശീയ ഏജൻസി.
മുരാരി ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങി. മുരാരി ബാബുവാണ് ദേവസ്വം രേഖകളിൽ സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയത്. ഇതിന്റെ രേഖകൾ ഇ ഡി കണ്ടെടുത്തിരുന്നു.
ദ്വാരപാലക വിഗ്രഹ ഘടകങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്റെ വാതിൽ ഫ്രെയിം പാനലുകൾ എന്നിവയുൾപ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വർണ്ണം പൂശിയ വസ്തുക്കൾ ഔദ്യോഗിക രേഖകളിൽ വെറും ‘ചെമ്പ് തകിടുകൾ’ ആണെന്ന് മനപ്പൂർവം തെറ്റായി രേഖപ്പെടുത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഒക്ടോബർ 22 ന് അറസ്റ്റിലായ മുരാരി ബാബു, മൂന്ന് മാസം നീണ്ട ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് മോചനം സാധ്യമായത്. 90 ദിവസം കഴിഞ്ഞും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്
