മൂന്നാം ബലാത്സംഗക്കേസിൽ;  രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

മൂന്നാം ബലാത്സംഗക്കേസിൽ; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ , പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുൽ, കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തിന് മുൻപായി ജയിൽ മോചിതനാകുമെന്നാണ് വിവരം. ഡിസംബർ 11-ാം തീയതി പാലക്കാട്ടെ ഹോട്ടലിൽനിന്ന് നാടകീയമായാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 ദിവസമായി രാഹുൽ ജയിലായിരുന്നു.

പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്ന വാദം പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. രാഹുലിനെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. കേസിൽ ഇതുവരെ പരാതിക്കാരി നേരിട്ട് പോലീസിന് മൊഴി നൽകിയിട്ടില്ലെന്നും രഹസ്യമൊഴിയോ വൈദ്യപരിശോധനയോ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

പരാതിക്കാരി വിദേശത്തായതിനാൽ കേരളത്തിലേക്ക് എത്താൻ പറ്റാത്ത സാഹചര്യമാണെന്നും എംബസി വഴി പ്രത്യേക സംവിധാനം ഉപയോഗിച്ച് മൊഴി രേഖപ്പെടുത്താൻ നീക്കം നടത്തുന്നുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അന്വേഷണത്തോടും അറസ്റ്റിനോടും രാഹുൽ സഹകരിച്ചില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കേസിന്റെ വിശദാംശങ്ങളും മുൻ കോടതി നിരീക്ഷണങ്ങളും പരിശോധിച്ച ശേഷമാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരെയോ അതിജീവിതകളെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളതെന്നാണ് വിവരം.പീഡന കേസുകളിൽ സാധാരണയായി ജില്ലാ കോടതികളാണ് ജാമ്യം അനുവദിക്കാറുള്ളത്. എന്നാൽ, കീഴ്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ ജില്ലാ കോടതിയെ സമീപിച്ചത്. നേരത്തെ സമാനമായ രണ്ട് പരാതികളിൽ രാഹുൽ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടി അറസ്റ്റ് ഒഴിവാക്കിയിരുന്നു.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top