തിരുവനന്തപുരം: കെഎസ്ആർടിസി ബസിലേക്ക് ക്രെയിൻ ഇടിച്ചുകയറി. തിരുവനന്തപുരം
മംഗലപുരത്താണ് സംഭവം. സർവീസ് റോഡിൽ നിന്ന് ക്രെയിൻ പ്രധാന റോഡിലേക്ക് കയറുന്നതിനിടെയാണ് വൻ അപകടമുണ്ടായത്. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .
ക്രെയിൻ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പോത്തൻകോട് ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്ന നിലയിലാണ്. ക്രെയിൻ ഇടിച്ച ഭാഗത്ത് അധികം യാത്രക്കാർ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.
