ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ പ്രതിക്ക് മാനസികരോഗംഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ പ്രതിക്ക് മാനസികരോഗംഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന അമ്മാവന്‍ ഹരികുമാറിന് യാതൊരു മാനസികപ്രശ്‌നങ്ങളും ഇല്ലെന്ന് വ്യക്തമാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം.കോടതിയുടെ നിര്‍ദേശപ്രകാരം ഹരികുമാറിനെ പരിശോധിച്ച സൈക്യാട്രി വിഭാഗം വിദഗ്ധരാണ് ഇത്തരത്തില്‍ പ്രാഥമിക നിഗമനത്തില്‍ എത്തിയത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

ഹരികുമാറിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. കോടതിയില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ മാനസിക രോഗവിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് കോടതി ആവശ്യപ്പെട്ടു. ഇതിനായി ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നാണു ഹരികുമാറിനെ പരിശോധനയ്ക്കു വിധേയമാക്കിയത്. കസ്റ്റഡി അപേക്ഷ പരിഗണിക്കവെ താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്നു ഹരികുമാര്‍ മൊഴിമാറ്റുകയും കരയുകയും ചികിത്സ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വ്യാജ രേഖ ചമയ്ക്കലിനും സാമ്പത്തിക തട്ടിപ്പിനും അറസ്റ്റിലായി അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്ന കുട്ടിയുടെ അമ്മ ശ്രീതുവിനെ പൊലീസ് ഇന്നു കസ്റ്റഡിയില്‍ വാങ്ങും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പത്തോളം പരാതികളില്‍ ശ്രീതുവിന്റെ അമ്മ ശ്രീകലയെ നെയ്യാറ്റിന്‍കര, മാരായമുട്ടം എസ്എച്ച്ഒമാരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലിയുടെ നിയമന ഉത്തരവ് നല്‍കി ബാലരാമപുരം നെല്ലിവിള സ്വദേശിയായ ജെ.ഷിജുവില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് ശ്രീതു റിമാന്‍ഡില്‍ കഴിയുന്നത്.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top