തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽകോണത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതി അമ്മാവൻ ഹരികുമാറിന് കുഞ്ഞിന്റെ അമ്മ ശ്രീതുവിനോട് വഴിവിട്ട ബന്ധം ഉണ്ടായിരുന്നാതായി റിപോർട്ടുകൾ.ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജൻ ഹരികുമാറാണ് (25) കേസിലെ പ്രതി.
ശ്രീതുവും ഹരികുമാറും നിഗൂഢ സ്വഭാവമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും ഇരുവരും വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചു. ശ്രീതു മതപഠന ക്ലാസുകളിലും പങ്കെടുത്തിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഹരികുമാർ ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു.
സ്വന്തം മകൾ മരിച്ചിട്ടും ശ്രീതുവിന് യാതൊരു ദുഃഖവും ഉണ്ടായിരുന്നില്ല. സംസ്‌കാര ചടങ്ങിൽ പോലും യുവതി പങ്കെടുത്തിരുന്നില്ല. ഒരിക്കൽ ദേഷ്യത്തിൽ ദേവേന്ദുവിനെ ഹരികുമാർ വലിച്ചെറിഞ്ഞിട്ടുണ്ടെന്നും തന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് മക്കളോട് ദേഷ്യപ്പെട്ടതെന്നും ശ്രീതു പറഞ്ഞത് കേസിൽ പ്രധാന തുമ്പായി. വീട് വാങ്ങാൻ നൽകിയ 30 ലക്ഷം രൂപ ഒരു സുഹൃത്ത് തട്ടിയെടുത്തെന്നും ശ്രീതു പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ശ്രീതുവിന്റെ മൂത്ത മകളുടെയും, അമ്മ ശ്രീകലയുടെയും മൊഴി ഇന്ന് വീണ്ടും പൊലീസ് രേഖപ്പെടുത്തും. ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഈ കുട്ടിയേയും ഹരികുമാർ മുമ്പ് ഉപദ്രവിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ പ്രതി ഭക്ഷണം കഴിക്കുന്നില്ല. വെള്ളം പോലും കുടിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പൊലീസിന്റെ ചോദ്യങ്ങൾക്കൊന്നും ഇയാൾ മറുപടി നൽകുന്നില്ല. നിങ്ങൾ അന്വേഷിച്ച് കണ്ടെത്തൂവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
മുൻപും രണ്ടുവയസുകാരി കരയുന്നതിൽ പ്രതി പരാതി പറഞ്ഞിരുന്നു. എട്ടു വയസുള്ള മൂത്തകുട്ടി പൂർണേന്ദുവിനെയും ഹരികുമാർ പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ അമ്മ ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.