സ്ത്രീത്വത്തെ അപമാനിച്ചു,നടി ഹണി റോസിന്റെ പുതിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു പോലീസ്

സ്ത്രീത്വത്തെ അപമാനിച്ചു,നടി ഹണി റോസിന്റെ പുതിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു പോലീസ്

സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ,നടി ഹണി റോസിന്റെ പുതിയ പരാതിയിൽ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പോലീസ് കേസേടുത്തു .എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് പ്രകാരം കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നു എന്നാണ് പരാതി.നേരത്തെയും ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ അന്ന് പറഞ്ഞത്. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ രാഹുല്‍ ഈശ്വര്‍ പെരുമാറിയെന്ന പരാതിയിലാണ് നടപടി. രണ്ടാം തവണയും രാഹുല്‍ ഈശ്വറിനെതിരെ നടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

രാഹുല്‍ ഈശ്വറിനെതിരെ ഐ.ടി ആക്ടിലെ 67ാം വകുപ്പും പൊലീസ് ചുമത്തി. വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് ശേഷം രാഹുല്‍ ഈശ്വര്‍ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും നടി രണ്ടാമത്തെ പരാതിയില്‍ പറഞ്ഞിരുന്നു.

നേരത്തെ രാഹുല്‍ ഈശ്വറിനെതിരെ നടി നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.കേസെടുക്കാന്‍ കഴിയും വിധത്തിലുള്ള വകുപ്പുകള്‍ പരാതിയിൽ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. രാഹുല്‍ ഈശ്വറിനെതിരെ കോടതി മുഖേന പരാതി നല്‍കണമെന്നും പൊലീസ് അറിയിച്ചിരുന്നു.

ഹണി റോസിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിക്കാതെ കോടതി പൊലീസിനോട് വിശദീകരണം തേടുകയായിരുന്നു.

കൊച്ചി സെന്‍ട്രല്‍ പൊലീസിനോടാണ് കോടതി വിശദീകരണം തേടിയത്. ഹണി റോസിന്റെ പരാതിയില്‍ കേസെടുക്കുന്നുണ്ടോ, കേസില്‍ രാഹുല്‍ ഈശ്വര്‍ പ്രതിയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
ഇതിന് മറുപടിയായാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ വകുപ്പുകളില്ലെന്നും രാഹുല്‍ പ്രതിയല്ലെന്നും പൊലീസ് കോടതിയെ അറിയിച്ചത്.

കോടതി വഴി ക്രിമിനല്‍/സിവില്‍ കേസ് നല്‍കിയാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകുള്ളുവെന്നും പൊലീസ് പറഞ്ഞിരുന്നു. വിശദീകരണം തേടുന്നതിന് മുമ്പ് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനെ കോടതി തടഞ്ഞിരുന്നില്ല.

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് ഹണി രംഗത്തെത്തിയത്.തന്ത്രി കുടുംബത്തില്‍പ്പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നുവെങ്കില്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെയെന്നും ഹണി വിമര്‍ശിച്ചിരുന്നു.

ഇതിനുപിന്നാലെ പൊലീസില്‍ പരാതി നല്‍കിയതായി ഹണി റോസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

അതേസമയം സംസ്ഥാന യുവജന കമ്മീഷന്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിരുന്നു. ദിശ എന്ന സംഘടന നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു കേസ്.

പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. നടി ഹണി റോസിന്റെ വസ്ത്രധാരണം സംബന്ധിച്ച് ചാനല്‍ ചര്‍ച്ചകളിലും സമൂഹ മാധ്യമങ്ങളിലും രാഹുല്‍ ഈശ്വര്‍ നടത്തിയ പ്രതികരണങ്ങള്‍ക്കെതിരെയാണ് പരാതി.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top