രാജ്യത്തിന്റെ ശക്തി യുവതലമുറകൾ ആണ്,ഈ യുവാക്കളിലൂടെ ആയിരിക്കും വികസിത രാഷ്‌ട്രം ഭാരതം കെട്ടിപ്പടുക്കുക എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് ലീഡേഴ്സ് ഡയലോഗിൽ അതിഥിയായി എത്തിയത് മോദി യുവാക്കൾ വികസിത ഭാരതത്തിന്റെ നട്ടെല്ല് എന്ന് വ്യക്തമാക്കിയത് . ഇന്ത്യയുടെ അടുത്ത 25 വർഷത്തെ റോഡ്‌മാപ്പ് തയ്യാറാക്കുന്നത് യുവാക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025-നെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഭാരതത്തിന്റെ ഊർജ്ജം ഭാരത് മണ്ഡപത്തിൽ ഒത്തുകൂടിയിരിക്കുകയാണ്. ദേശീയ യുവജനദിനമായ ഇന്ന് രാജ്യമൊട്ടാകെ സ്വാമി വിവേകാനന്ദനെ അനുസ്മരിക്കുകയാണ്. എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കാണാൻ പുതു തലമുറയ്‌ക്ക് സാധിക്കുമെന്നും രാജ്യത്തെ യുവാക്കളിലാണ് തന്റെ വിശ്വാസമെന്നും വിവേകാനന്ദൻ പറയുമായിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു. സ്വാമി വിവേകാനന്ദന് നിങ്ങളെല്ലാവരിലും വിശ്വാസമർപ്പിച്ചത് പോലെ അദ്ദേഹം വിഭാവനം ചെയ്‌തതും പറഞ്ഞതുമായ എല്ലാ കാര്യങ്ങളിലും തനിക്കും വിശ്വാസമുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
ഭാരത് മണ്ഡപത്തിൽ നടന്ന ജി20 ഉച്ചകോടിയെ കുറിച്ചും മോദി ഓർമിപ്പിച്ചു. അന്ന് എല്ലാവരും ഇവിടെ ഒത്തുകൂടിയത് ലോകത്തിന്റെ ഭാവിയെ കുറിച്ച് ചർച്ച ചെയ്യാനായിരുന്നു. അതേ സ്ഥലത്ത് വീണ്ടും ഒരു ഒത്തുകൂടലിൽ പങ്കുച്ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഭാരതത്തിന്റെ ഭാവിയാണ് ഇതക്തവണ ഭാരത് മണ്ഡപത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. യുവാക്കൾ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയാണ് വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി 3,000-ത്തിലേറെ യുവാക്കളാണ് പരിപാടിയുടെ ഭാഗമായത്. രാജ്യത്തിന്റെ വികസനത്തിന് തുണയേകുന്ന നൂതന ആശയങ്ങളും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുന്നതിനുമായാണ് പരിപാടി. പ്രധാനമന്ത്രി യുവാക്കളുമായി സംവദിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് 39 അംഗ സംഘമാണ് ഭാരത് മണ്ഡപത്തിലെത്തിയത്.