ലോകത്തെ ഏറ്റവും വലിയ തീർത്ഥാടക സംഗമത്തിന് ഉത്തര്പ്രദേശിലെ പ്രയാഗ്രാജ് ഒരുങ്ങി കഴിഞ്ഞു . 40 കോടി തീർത്ഥാടകാരെ പ്രതീക്ഷിക്കുന്ന മഹാകുംഭമേളയുടെ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി ക്ഷണിച്ചു.144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയ്ക്കായി പ്രയാഗ് രാജിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ പൗഷ് പൂർണിമ മുതൽ ഫെബ്രുവരി 26ന് മഹാ ശിവരാത്രി വരെ 45 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ചടങ്ങുകൾ. തിങ്കളാഴ്ച മുതൽ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്നാനം തുടങ്ങും. 14 ന് മകര സംക്രാന്തി ദിനത്തിലും, 29 ന് മൗനി അമാവാസ്യ ദിനത്തിലും, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി ദിനത്തിലും, ഫെബ്രുവരി 12 ന് മാഘി പൂർണിമ ദിനത്തിലും, ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്നാനങ്ങൾ നടക്കുക. കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സംഗമത്തിൽ കുളിച്ചാൽ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. സനാതന ധർമ്മത്തിന്റെ മഹത്വം തിരിച്ചറിയാൻ എല്ലാവരും കുംഭമേളയിൽ പങ്കെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രയാഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘാട്ടുകൾ തയാറാക്കി, വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് റെയിൽവേയും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിൻറെ കീഴിലുള്ള ഐടിഡിസിയും പ്രയാഗ്രാജിൽ പ്രത്യേക ലക്ഷ്വറി ടെന്റുകൾ ഒരുക്കിയിട്ടുണ്ട്. 14000 മുതൽ 45000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകൾ. ഐടിഡിസിയെ പോലെ സ്വകാര്യ സ്ഥാപനങ്ങളും വൻ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളർച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സർക്കാറിന്റെ പ്രതീക്ഷ.ലോകത്തിൽ തന്നെ ഏറ്റവും അധികം പേർ ഒത്തുകൂടുന്ന സമ്മേളനമെന്നാണ് മഹാകുംഭമേള അറിയപ്പെടുന്നത്.
സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നിവയുടെ ജ്യോതിശാസ്ത്രസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് കുംഭമേള നടക്കുന്നത്. വ്യാഴത്തിന് സൂര്യന് ചുറ്റും ഒരു ഭ്രമണപഥം പൂർത്തിയാക്കാൻ 12 വർഷമാണ് വേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂർണ കുംഭമേള സംഘടിപ്പിക്കുന്നത്. ഇത്തവണ ജനുവരി 13-ന് ആരംഭിച്ച് ഫെബ്രുവരി 16 വരെ നീളുന്ന മഹാകുംഭമേളയ്ക്കായി സാങ്കേതിക സംവിധാനങ്ങളെ കൂട്ടുപിടിച്ച് മൊബൈൽ ആപ്പ് മുതൽ എഐ ചാറ്റ് ബോട്ട് വരെയുളള വിപുലമായ സംവിധാനങ്ങളാണ് യോഗി സർക്കാർ ഒരുക്കിയിരിക്കുന്നത്.
സന്ദർശകരെ സഹായിക്കുന്നത് മുതൽ സ്നാനഘട്ടുകളിൽ ഉൾപ്പെടെ അവർക്ക് മാർഗനിർദ്ദേശം നൽകുന്നതിലും സുരക്ഷ ഒരുക്കുന്നതിലും സാങ്കേതികവിദ്യ വലിയ തോതിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. ചരിത്രത്തിലാദ്യമായി എഐ ചാറ്റ്ബോട്ട് ഉപയോഗിക്കുന്ന കുഭമേളയാണിത്. 11 ഭാഷകളിൽ മേളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചാറ്റ്ബോട്ട് നൽകും. വിവിധ ഘാട്ടുകൾ, ക്ഷേത്രങ്ങൾ, അഖാരകൾ തുടങ്ങി ഏതിടത്തേക്കും ഡിജിറ്റൽ നാവിഗേഷൻ വഴികാട്ടും.
പാർക്കിംഗ് സ്ഥലങ്ങളിൽ ഉൾപ്പടെ എഐ ക്യാമറകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനുകളിൽ മലയാളം ഉൾപ്പെടെ 10 പ്രാദേശിക ഭാഷകളിൽ അറിയിപ്പുകൾ നൽകും. കരയിലും ആകാശത്തും വെള്ളത്തിലും പഴതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വെള്ളത്തിനടിയിൽ 100 മീറ്റർ ആഴത്തിലും ഭൗമോപരിതലത്തിൽ 120 മീറ്റർ ഉയരത്തിലും നിരീക്ഷണം നടത്താൻ ശേഷിയുള്ള ഡ്രോണുകൾ, അയോദ്ധ്യയിൽ ബാലകരാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ സുരക്ഷയൊരുക്കിയ ഡ്രോൺ വേധ സംവിധാനം തുടങ്ങിയവയും പ്രയാഗ് രാജിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിനിടയിൽ 100 മീറ്റർ ആഴത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ഡ്രോണുകൾക്ക് അവിടെ നിന്നുള്ള ദൃശ്യങ്ങൾ തത്സമയം കൈമാറാനും സാധിക്കും. അപകടഘട്ടങ്ങളിൽ ഇവയുടെ സേവനം നിർണായകമാകും.
24 മണിക്കൂറും അന്തരീക്ഷത്തിൽ പറക്കുന്ന ഡ്രോണുകൾ സ്ഥിതിഗതികൾ നിരീക്ഷിക്കും. തീർത്ഥാടകരുടെ വരവ് മനസിലാക്കാനും തിരക്ക് മുൻകൂട്ടി അറിയാനും സുരക്ഷാ ഉദ്യോഗസ്ഥരെ ഇത് സഹായിക്കും. ഏതെങ്കിലും ഒരു ഭാഗത്തേക്ക് തീർത്ഥാടകർ കൂടുതലായി പോകുന്നത് തടയാനും ഇടുങ്ങിയ ഭാഗങ്ങളിൽ കൂടുതൽ തീർത്ഥാടകർ സംഘടിക്കുന്നത് ഒഴിവാക്കാനുമൊക്കെ ഡ്രോൺ നിരീക്ഷണം സഹായിക്കും.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പുറമേ സൈന്യവും തീർത്ഥാടകർക്ക് സേവനങ്ങളുമായി കർമ്മനിരതരാകും. പ്രയാഗ് രാജിൽ 50 കിടക്കയുടെ സൗകര്യമുള്ള ആശുപത്രിയാണ് കരസേന സജ്ജമാക്കിയിരിക്കുന്നത്. 24 മണിക്കൂറും ആരോഗ്യ വിദഗ്ധരുടെ സൗകര്യം ഇവിടെ ലഭ്യമായിരിക്കും. മൊബൈൽ ഇവാക്വേഷൻ സംഘമുൾപ്പെടെയാണ് ഇവിടെ സൈന്യം ക്രമീകരിക്കുക.
ഇന്ത്യൻ റെയിൽവേയും സർവ സജ്ജീകരണമൊരുക്കുന്നുണ്ട്. 10,000 റെഗുലർ ട്രെയിനുകളും 3,000 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. ഇതിൽ 560 ട്രെയിനുകൾ റിംഗ് സർവീസാകും നടത്തുക. 1,800 സ്പെഷ്യൽ ട്രെയിനുകൾ ഹ്രസ്വദൂരങ്ങളിലേക്കും 700 എണ്ണം ദീർഘദൂരങ്ങളിലേക്കും സർവീസ് നടത്തും. പ്രയാഗ്രാജിനും വരാണാസിക്കുമിടയിൽ ഹൈ സ്പീഡ് ട്രെയിനുകളാകും സർവീസ് നടത്തുക. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാകും ഇവ ഓടുക.
കോടിക്കണക്കിന് പേർ എത്തുന്നത് കൊണ്ട് തന്നെ പഴതച്ച സുരക്ഷയുമാണ് റെയിൽവേ ഒരുക്കുന്നത്. 18,000-ത്തിലേറെ ആർപിഎഫ് ഉദ്യോഗസ്ഥരാകും പ്രയാഗ്രാജിലുണ്ടാാവുക. മഹാകുഭമേളയ്ക്കെത്തുന്ന വിശ്വാസികൾക്കായി റെയിൽവേ വെബ് പോർട്ടലും പ്രത്യേക ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും വിവരങ്ങൾ ലഭ്യമാകും.
ത്രിവേണി സംഗമത്തിലെ മഹാകുംഭമേളയ്ക്ക് എത്താനായി കേരളത്തിൽ നിന്നും ട്രെയിൻ സർവീസുണ്ട്. കൊച്ചുവേളി-ഗയ സ്പെഷ്യൽ ട്രെയിനാണ് ദക്ഷിണ റെയിൽവേ സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പത്ത് ഇടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ബുക്കിംഗ് ഐആർസിടിസി ആപ്പിൽ ആരംഭിച്ചിട്ടുണ്ട്.
കുംഭമേളയ്ക്കെത്തുന്നവർക്ക് താമസിക്കാനുള്ള സൗകര്യവും യോഗി സർക്കാർ ഒരുക്കിയിട്ടുണ്ട്. ത്രിവേണി സംഗമത്തിന് സമീപത്തായി വിശാലമായ ടെൻ്റ് സിറ്റികളാണ് ഒരുങ്ങിയത്. ആഡംബര സംവിധാനത്തോട് കൂടി വരെ ഇവിടെ തങ്ങാം. ഉത്തർപ്രദേശ് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ടെൻ്റ് കോളനികൾ പ്രവർത്തിക്കുന്നത്.
13 അഖാരകളിലെ സന്യാസിവര്യന്മാരാണ് കുംഭമേളയിൽ പങ്കെടുക്കുന്നത്. ഏഴ് അഖാരകൾ ശൈവ പരമ്പരകളും മൂന്ന് വീതം സിഖ് പരമ്പരകളും വൈഷ്ണവ പരമ്പരകളുമാണ് പങ്കെടുക്കുന്നത്. ഓരോ അഖാരകൾക്കും ഓരോ മഹന്ത് അഥവാ പൂജാരിയുണ്ടാകും. ഇവരാകും ആദ്യം പുണ്യനദിയിൽ സ്നാനം ചെയ്യുക. പിന്നാലെ കുംഭമേളയ്ക്ക് ആരംഭം കുറിക്കും. ഈ സമയം പുണ്യനദിയിൽ സ്നാനം ചെയ്യുന്നവർക്ക് ദൈവീകാനുഗ്രഹം വന്നുചേരുമെന്നാണ് വിശ്വാസം. ചെയ്ത പാപങ്ങൾക്ക് മോക്ഷം ലഭിക്കും, തിന്മയുടെ മേൽ നന്മ വിജയം കണ്ടതിന്റെ ആഘോഷം കൂടിയാണിത്.