നിലമ്പൂര്‍ എം.എല്‍.എ. പി.വി.അൻവർ MLA സ്ഥാനം രാജിവച്ചേക്കുമെന്നു സൂചനകൾ പുറത്തു വരുന്നു .തൃണമൂൽ കോൺഗ്രസിൽ ചേർന്നത്തിനു പിന്നാലെയാണ് വളരെ പ്രധാനപ്പെട്ട ഒരു വിഷയം ജനങ്ങളെ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കി അന്‍വര്‍ തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നറിയിച്ചിരിക്കുന്നത് . തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വാര്‍ത്താ സമ്മേളനം നടക്കുക.സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണു പുതിയ നീക്കം.‘‘വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കാൻ 13ന് രാവിലെ 9.30ന് തിരുവനന്തപുരത്തു വാർത്താസമ്മേളനം സംഘടിപ്പിക്കുന്നു. എല്ലാ മാധ്യമ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു’’ എന്നാണു ചിരിച്ചുനിൽക്കുന്ന ചിത്രത്തോടൊപ്പം സമൂഹമാധ്യമത്തിൽ അൻവർ കുറിച്ചത്. കഴിഞ്ഞ ദിവസമാണു മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി അന്‍വര്‍ കൈകോര്‍ത്തത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണു വിവരം. സംസ്ഥാന കോ–ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അൻവർ അറിയിച്ചത്.
കേരളത്തിൽ 10 വർഷം മുൻപു നടത്തിയ പാർട്ടി രൂപീകരണം പരാജയമായതിനാൽ അൻവറിനെ കോഓർഡിനേറ്ററായി നിയോഗിച്ചു ജാഗ്രതയോടെയുള്ള നീക്കമാണു തൃണമൂലിന്റേത്. വലിയ വാഗ്ദാനം അൻവർ നൽകിയിട്ടുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മലബാറിലെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും പാർട്ടിയെ യുഡിഎഫിൽ എത്തിക്കുകയും ചെയ്യണമെന്നാണു തൃണമൂൽ നേതാക്കൾ നൽകിയ ഉപദേശം. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ അൻവർ കണ്ടെങ്കിലും മമതയുമായുള്ള കൂടിക്കാഴ്ച ഇതുവരെയുണ്ടായിട്ടില്ല.ഇടത് സ്വതന്ത്രനായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു. സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ അന്‍വര്‍ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയില്‍ ചേരാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരില്‍ സംഘടനയുണ്ടാക്കി. എന്നാല്‍, സി.പി.എമ്മുമായി നല്ല ബന്ധം തുടരുന്ന ഡി.എം.കെ. അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ തയ്യാറായില്ല.
നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ ഒരുദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ അന്‍വര്‍ യു.ഡി.എഫുമായി സഹകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അന്‍വറിനെ യു.ഡി.എഫില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനം നീളുന്നതിനിടെയാണ് അദ്ദേഹം ബംഗാളിലെത്തി തൃണമൂലിനൊപ്പം ചേരുന്നത്.