നടി ഹണി റോസിന്റെ പരാതിയിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് എതിരെ വീണ്ടും കുരുക്ക് മുറുക്കി പോലീസ് .ബോബിയുടെ ജാമ്യനീക്കം തടയാൻ ഉള്ള ശ്രമം നടത്തി വരികയാണ് പോലീസ് .അതിനായി ബോബി ഇതിനു മുൻപ് നടത്തിയ മറ്റ് അശ്ലീല പരാമർശങ്ങൾകൂടി പരിശോധിക്കാൻ നീക്കം നടത്തുകയാണ് പോലീസ് .യൂട്യൂബ് ചാനലിലൂടെ ബോബി നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങളടങ്ങിയ വീഡിയോ അടക്കം പോലീസ് കോടതിയിൽ ഹാജരാക്കി. ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും പോലീസ് അറിയിക്കുകയാണ്
കാക്കനാട്ടെ ജയിലിൽ റിമാൻഡിലുള്ള ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് ജാമ്യം തടയാൻ കൂടുതൽ നടപടികളുമായി പോലീസ്മുന്നോട്ടു പോകുന്നത്,ബോബി ചെമ്മണൂർ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾ ഒന്നിൽ മാത്രം ഒതുങ്ങുന്നതല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പലരോടും ഇത്തര പ്രയോഗങ്ങൾ നടത്തിയതിന് തെളിവ് യൂട്യൂബിലുൾപ്പെടെ ഉണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം മുൻനിർത്തി ബോബി ചെമ്മണൂരിന്റെ ജാമ്യത്തെ എതിർക്കാനാണ് പോലീസിന്റെ ശ്രമം.
മറ്റാരെങ്കിലും ഹണി റോസിന്റേതിന് സമാനമായ പരാതിയുമായി വന്നാൽ എഫ്.ഐ.ആറെടുത്ത് വേഗത്തിൽ മുന്നോട്ടുപോകാനാണ് പോലീസ് ശ്രമിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 75(1), 75(4), ഐ.ടി ആക്ട് 67 എന്നിവയനുസരിച്ചാണ് ഹണി റോസ് നൽകിയ കേസുമായി ബന്ധപ്പെട്ട് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിക്കുക, സോഷ്യൽ മീഡിയയിലൂടെയുള്ള അശ്ലീല അധിക്ഷേപം, ഇവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നെല്ലാമാണ് വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ.
പിറകേ നടന്ന് ശല്യം ചെയ്തു എന്നുകൂടി ഹണി റോസ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ നടിയുടെ പ്രത്യേക മൊഴി രേഖപ്പെടുത്തിയാൽ ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാവും. ഇതും ബോബിയുടെ ജാമ്യത്തെ എതിർക്കാനുള്ള ശക്തമായ തെളിവാകുമെന്ന് പോലീസ് കണക്കുകൂട്ടുന്നു. ബോബി ചെമ്മണൂരിനെതിരെ നിലവിൽ സ്വീകരിച്ചിരിക്കുന്ന നടപടി കൃത്യമാണെന്നാണ് പോലീസ് വിലയിരുത്തൽ. ബോബി ചെമ്മണൂരിനെതിരെയുണ്ടായ ഈ നടപടിയിലൂടെ മോശം കമന്റുകളിടുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് നടി തന്നെ പറഞ്ഞിരുന്നു.