ക്രിസ്മസ് ആഘോഷങ്ങളിൽ ക്രൈസ്തവ പുരോഹിതര്‍ക്കൊപ്പം കേക്ക് മുറിച്ചു ആഘോഷം പങ്കുവച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ രൂക്ഷം വിമർശനവുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്.ഇതര മതങ്ങളുടെ ആചാരങ്ങളുടെ ഭാഗമാകുന്നത് മുസ്ലിം ധർമ്മ ശാസ്ത്രത്തിന് വിരുദ്ധമാണെന്ന് വിമർശനം.മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നും ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും എന്നാൽ തങ്ങൾ അത് ചെവികൊണ്ടില്ല എന്നാണ് ഫൈസി വിമർശിച്ചത്.സമസ്തയിലെ ലീഗ് വിരുദ്ധചേരിയിലാണ് ഹമീദ് ഫൈസി അമ്പലക്കടവ്. ബിഷപ്പ് വർഗീസ് ചക്കാലക്കലുമൊത്ത് തങ്ങൾ കേക്ക് മുറിച്ചുള്ള ആഘോഷത്തിൽ പങ്കെടുക്കുക ആയിരുന്നു,പിന്നാലെ ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിർത്തുമെന്നും തങ്ങൾ ഈ സന്ദർശനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.
എന്നാൽ കേക്ക് വിവാദത്തിൽ സമസ്ത നേതാവ് ഹമീദ് ഫൈസിക്കെതിരെ ആഞ്ഞടിച്ച് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി.
“ഹമീദ് ഫൈസിയുടെ പ്രസ്താവനയെ പൊതു സമൂഹം വില കുറഞ്ഞ രീതിയിലാണ് കാണുക. അത്തരം കാര്യങ്ങൾ നിർത്തുകയാണ് നല്ലത്. ഇത്തരക്കാരെ നിയന്ത്രിക്കേണ്ടത് സമസ്ത നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. നിരന്തരം ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന്റെ ഉദ്ദേശം വേറെയാണ്. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനകളെ കേരളം അവജ്ഞയോടെ നേരിടും” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുസ്ലിം ലീഗ് ഉയർത്തി പിടിക്കുന്ന പാരമ്പര്യമാണ് ഹൈദരലി തങ്ങളും ഉയർത്തി പിടിച്ചത്, പൊതു സമൂഹത്തെ കൂട്ടു പിടിച്ച് മാത്രമേ പാർട്ടി മുന്നോട്ട് പോകൂ . അല്ലാത്തതൊക്കെ വിഭാഗീയതയോ വർഗീയതയോ ആണ്. ആര് പറഞ്ഞാലും ലീഗ് അത് അവജ്ഞയോടെ തള്ളിക്കളയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
“ക്ലിമിസ് ബാവയും സാദിക്കലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച നല്ല കാര്യമാണ്. സമുദായങ്ങൾ തമ്മിലുള്ള സൗഹൃദം കേരളത്തിന്റെ പാരമ്പര്യമാണ്” ; കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ക്രിസ്മസ് ആഘോഷ ചടങ്ങിൽ പങ്കെടുത്ത സാദിഖലി തങ്ങൾ കേക്ക് മുറിച്ചതിനെ സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് വിമർശിച്ചിരുന്നു.വിശ്വാസമില്ലാതെ ഇതര മതസ്ഥരുടെ ആചാരങ്ങളുടെ ഭാഗമാകുന്നതിൽ തെറ്റില്ലെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ് പൂക്കോട്ടൂർ പറഞ്ഞിരുന്നു. ഇതും ഹമീദ് ഫൈസി അമ്പലക്കടവിനെ ചൊടിപ്പിച്ചു. വിശ്വാസമില്ലെങ്കിലും ഇതരമതാചാരങ്ങളിൽ പങ്കെടുക്കരുതെന്നായിരുന്നു അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ചൂണ്ടിക്കാണിച്ചിരുന്നത്. ഇതര മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നുംലീഗിന്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു. സൗഹാർദത്തിന് കേക്ക് മുറിയ്‌ക്കാം എന്ന മറുപടിയുമായി അബ്ദു സമദ് പൂക്കോട്ടൂരും രംഗത്തെത്തിയിരുന്നു.