ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം ആത്മകഥയെഴുതാൻ സഹായിച്ചയാളുടെ മൊഴി രേഖപ്പെടുത്തി പോലീസ് , പറയാത്ത കാര്യങ്ങൾ ഡി.സി. ബുക്സ് പുസ്തകത്തിൽ കൂട്ടിച്ചേർത്തുവെന്ന് മൊഴിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം ഈസ്റ്റ് പോലീസ് മൊഴിയെടുത്ത്.ആത്മകഥ പുറത്തുവന്നതിൽ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.പി. ജയരാജൻ നേരത്തേ പരാതി നൽകിയിരുന്നു. കോട്ടയം ഈസ്റ്റ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് രഘുനാഥന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ആത്മകഥയെഴുതാൻ ഇ.പി. ജയരാജനെ സഹായിച്ചയാളാണ് രഘുനാഥൻ.
തന്റെ ആത്മകഥയിലുൾപ്പെടുത്തേണ്ട കാര്യങ്ങൾ ചെറുകുറിപ്പുകളായെഴുതി രഘുനാഥന് കൈമാറിയിരുന്നതായി ഇ.പി. ജയരാജൻ മൊഴിനൽകിയിരുന്നു. പ്രസിദ്ധീകരിക്കാമെന്ന ഉറപ്പോടുകൂടി ഡി.സി. ബുക്സ് ഈ കുറിപ്പുകൾ വാങ്ങുകയും ചെയ്തിരുന്നു. ബുക്സിന്റെ പബ്ലിക്കേഷൻസ് വിഭാഗം മുൻ മേധാവിയായ എ.വി. ശ്രീകുമാറായിരുന്നു ഇവ വാങ്ങിയത്. ഈ കുറിപ്പുകളല്ല പുസ്തകം അച്ചടിച്ചപ്പോൾ വന്നത് എന്ന് രഘുനാഥൻ പോലീസിനോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.